Sunday 21 July 2013

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: പ്രസക്തിയും പ്രാധാന്യവും

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: പ്രസക്തിയും പ്രാധാന്യവും

വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം.കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിൽനിന്ന് ഉന്നത സാങ്കേതികവിദ്യാഭ്യാസം നേടിയവരുടെ അനുപാ‍തം  ആമേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാൾ കൂടുതലാകുന്നതും തൊഴിലില്ലായ്മയുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇതിന് താഴോട്ടുള്ള തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം തുലോം കുറയുകയും ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് പലവിധത്തിലും ആഘാതം സ്യഷ്ടിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കേരളത്തിൽ ഹയർസെക്കന്ററി നിലവാരത്തിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസം നിലവിൽ വന്നത്.

എഞ്ചിനീയറിംഗ് & ടെക്നോളജി, അഗ്രികൾച്ചർ, മ്യഗസംരക്ഷണം, പാരാമെഡിക്കൽ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് & കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 42-ഓളം കോഴ്സുകൾ വി.എച്ച്.എസ്.ഇ യിൽ നടന്നു വരുന്നു.10-ആം ക്ലാസോ തത്തുല്യമോ ആണ് വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള യോഗ്യത. രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് മേൽ‌പ്പറഞ്ഞവയിൽ നിന്നും അവരവരുടെ അഭിരുചിക്ക് അനുയോജ്യമാ‍യ കോഴ്സുകൾ തെരഞ്ഞെടുക്കാം. ഈ തൊഴിലിനോടൊപ്പം +2 വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ P.T.C(പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്റർ) എന്ന പേരിൽ അതാത് മേഖലകളിൽ പരിശീലനവും നൽകുന്നു.

കൂടുതൽ വിദഗ്ദ്ധ പരിശീലനത്തിനായി കോഴ്സിന്റെ അവസാനം O.J.T(ഓൺ ദ  ജോബ് ട്രെയിനിംഗ്) എന്ന പേരിൽ ഒരു പരിശീലന പരിപാടിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരോ മേഖലയിലും പ്രശംസനീയമായ രീതിയിൽ ഏറ്റവും വൈദഗ്ധ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഈ പരിശീലനം നൽകുന്നത്. ഒപ്പം N.S.S, N.C.C, കരിയർ ഗൈഡൻസ് & കൌൺസിലിംഗ് സെന്റർ, A.H.E.P എന്നിവയും ഈ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.

വിദ്യാർഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി അവർ നിർമ്മിക്കുന്ന ഉൽ‌പ്പന്നങ്ങളുടെ പ്രദർശനവും വിൽ‌പ്പനയും ഉൾപ്പെടുത്തിക്കൊണ്ട് ‘വൊക്കേഷണൽ എക്സ്പോ’എന്ന പരിപാടി വർഷംതോറും റീജിയണൽ തലത്തിലും സംസ്ഥനതലത്തിലും നടന്നുവരുന്നുണ്ട്. ഒരു തൊഴിൽ പഠിച്ച് പുറത്ത് വരുന്ന ഒരാൾക്ക് ആ മേഖലയിൽ സ്വന്തമായി പ്രവർത്തിക്കാനുള്ള സഹായത്തിനായി G.F.C(ജനറൽ ഫൌണ്ടേഷൻ കോഴ്സ്) എന്ന വിഷയവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്നത്തെ മത്സരം നിറഞ്ഞ വിപണിയിൽ വിജയകരമായി ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ വിദ്യാർത്ഥികളെ  സഹായിക്കുന്നു. V.H.S.E പാസ്സാകുന്നവർക്ക് എഞ്ചിനീയറിംഗ് & ടെക്നോളജി, പാരാമെഡിക്കൽ തുടങ്ങിയ ബ്രാ‍ഞ്ചുകളിൽ ഡിപ്ലോമ കോഴ്സുകൾക്ക് സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

V.H.S.E പാസ്സാകുന്നവർക്ക് വിവിധ സ്ഥാപനങ്ങളീൽ അപ്രന്റീസ് ട്രെയിനിംഗിനുള്ള സൌകര്യവും ക്യാമ്പസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള അവസരവും ഉണ്ട്. അതായത് വിജയകരമായി V.H.S.E കോഴ്സ് പൂർത്തിയാക്കുന്ന ഒരു വിദ്യാർഥി ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനോടൊപ്പം സ്വന്തമായി ഒരു തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ  ഹയർസെക്കന്ററി  തലത്തിൽ കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ ഏറ്റവും മികച്ചത് ഇതാണെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ന് കേരളത്തിൽ ഇതിനുള്ള സ്ഥാനം പുറകിലാണെന്ന് പറയാതെ വയ്യ. ഈ വിദ്യാഭ്യാസരീതിയെക്കുറിച്ചും, ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിനു പ്രധാനകാരണം. 

V.H.S.E എന്നാൽ വേണ്ടാത്ത ഹയർ സെക്കന്ററി എന്ന ഒരു പ്രചരണം തമാശയായിട്ടാണെങ്കിലും നടക്കുന്നുണ്ട്. എന്നാൽ സാധാരണ പ്ലസ് ടൂ‍ കോഴ്സിനേക്കാൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ് വി.എച്ച്.എസ്.ഇ എന്ന്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല. ഈ  യാഥാർത്ഥ്യം മനസ്സിലാക്കി   തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറിയുടെ പ്രാധാന്യം സംബന്ധിച്ച് കൂടുതൽ പ്രചാരം നൽകാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

3 comments:

ഇ.എ.സജിം തട്ടത്തുമല said...

നല്ല പോസ്റ്റ്. പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ പ്രസക്തമാണ്. ആശംസകൾ!

Unknown said...
This comment has been removed by the author.
Unknown said...

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉപന്യാസം ആവശ്യമുണ്ട് ഒന്ന് എന്റെ വാട്സാപ്പിൽ സെന്റ് ചെയ്യൂ പ്ലീസ് റിക്വസ്റ്റ് വാട്സ്ആപ്പ് നമ്പർ വേണമെങ്കിൽ ഒരു ഹായ് ഐ അയച്ചാൽ മതി നമ്പർ ഞാൻ തരാം