Monday 17 June 2013

ഔഷധസസ്യങ്ങളെ അറിയുക

ഔഷധസസ്യങ്ങളെ  അറിയുക

ഇന്ന് നാം ജീവിക്കുന്നത് കമ്പ്യൂട്ടർ യുഗത്തിലാണ്. ശാസ്ത്രത്തിന്റെ വികാസം മാനവരാശിയ്ക്കു് നേടിത്തന്ന പുരോഗതി നമുക്കെല്ലാം അറിയാവുന്നതാണ്. എല്ലാരംഗങ്ങളിലുമെന്ന പോലെ ആരോഗ്യരംഗത്തും അതിന്റെ സ്വാധീനം പ്രകടമാണ്. എന്നാൽ ഇവിടെ നാം ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്. അവ നാം മനസ്സിലാക്കാതിരിക്കുകയോ അഥവാ മനസ്സിലായാൽത്തന്നെ സൌകര്യപൂർവ്വം മറക്കുകയോ ആണ് ചെയ്യുന്നത്. അതായത് അടുത്തകാലത്തായി കേരളത്തിൽ പടർന്നുപിടിയ്ക്കുന്ന ചില രോഗങ്ങളെക്കുറിച്ചാണ്  ഇവിടെ ഉദ്ദേശിക്കുന്നത്.

കുറച്ചുകാലം മുമ്പ് നമ്മളെ വളരെയധികം ബുദ്ധിമുട്ടിച്ച ഒന്നാണ് ചിക്കുൻ ഗുനിയ. അതിന്റെ നിയന്ത്രണത്തിനുവേണ്ടി നമുക്ക് ചെലവഴിക്കേണ്ടിവന്നത് വളരെയധികം പണമാണ്. തുടർന്ന് വിചിത്രമായ പേരുകളിൽ പലരോഗങ്ങളും നമുക്കിടയിൽ പടർന്നു പിടിച്ചു. തക്കാളിപ്പനി തുടങ്ങി ഇപ്പോൾ കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഡങ്കിപ്പനിവരെ ഇതിൽ‌പ്പെടും. എന്നാൽ മുമ്പ് ചിക്കുൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ പലരും കമ്മ്യൂണിസ്റ്റ്പച്ച എന്ന ചെടി ഇതിനെതിരെ പ്രതിവിധിയായി ഉപയോഗിച്ചു. ഇപ്പോൾത്തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കേൾക്കുന്ന  ഒന്നാണ് ഡങ്കിപ്പനിയ്ക്കെതിരെ പപ്പായയുടെ ഇല ഔഷധമായി ഉപയോഗിക്കാം എന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇപ്പോഴും ഇത് അവിശ്വസനീയമായിട്ടാണ് തോന്നുന്നത്. കാരണം നമുക്ക് പ്രിയം പടിഞ്ഞാറൻ സംസ്കാരത്തിന്റെ പുറകെ പോകാനാണ്.

എന്നാൽ നാം മനസിലക്കേണ്ട ഒന്നുണ്ട്. നമ്മുടെ തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പപ്പായയുടെ ഗുണം മുമ്പേ മനസിലാക്കുകയും അവിടത്തെ സർക്കാർ സംവിധാനം ഉപയോഗിച്ച് അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. നമുക്ക് ചുറ്റും കാണുന്ന നമുക്ക് നിസ്സാരമെന്ന് തോന്നുന്ന സസ്യങ്ങളിൽ ഇന്ന് നാം നേരിടുന്ന പല രോഗങ്ങൾക്കുമുള്ള പരിഹാരമുണ്ട്. പക്ഷെ നാം അത് ഗൌരവമയി എടുക്കണം. ഞാൻ ഈ കുറിപ്പെഴുതാനുള്ള കാ‍രണംതന്നെ അതാണ്. തുമ്പ എന്ന സസ്യത്തെക്കുറിച്ചറിയാത്ത തലമുറയാണിപ്പോൾ ഉള്ളത്. ഈ കുറിപ്പ് വായിക്കുന്ന ആൾക്കാർ നിങ്ങൾ ആരൊക്കെയാണെന്ന് എനിക്കറിയില്ല. നിങ്ങളുടെ കുട്ടികൾക്കെങ്കിലും നിങ്ങൾ ഇത് പകർന്നു നൽകണം. അല്ലെങ്കിൽ അമൂല്യമായ പല അറിവുകളും നമ്മുടെ പുതുതലമുറയ്ക്ക് നഷ്ടമാകും.

നമുക്ക് ചുറ്റും കാണുന്ന അപ്രധാനമെന്ന് കരുതുന്നതും എന്നാൽ ഏറെ ഔഷധപ്രാധാന്യമുള്ളതുമായ  ചില സസ്യങ്ങളെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്. ഇതുകൊണ്ട് ഒരാൾക്കെങ്കിലും ഗുണമുണ്ടായാൽ ഞാൻ സംതൃപ്തനാണ്. ഈ കുറിപ്പ് തയ്യാറാക്കുന്നതിന് പല ഗ്രന്ഥങ്ങളെയും വിദഗ്ദ്ധരെയും അവലംബമാക്കിയിട്ടുണ്ട്.

തുളസി






കൃഷ്ണതുളസിയെന്നും രാമതുളസി എന്നും തുളസിയെ രണ്ടായി തിരിക്കാം. ലാമിയേസി കുടുംബത്തിൽ‌പ്പെട്ട ഇവയുടെ ശാസ്ത്രനാമം യഥാക്രമം ഒസിമം സാങ്റ്റം, ഒസിമം ടെനിഫ്ലോറം എന്നിങ്ങനെയാണ്. സംസ്കൃതത്തിൽ മാഞ്‌ജരീ: എന്നും തമിഴിൽ തുളചി എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യയിൽ ഉടനീളം കണ്ടുവരുന്നു. അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയിൽ ബാസിൻ കാംഫർ എന്ന എസ്സെൻസാണ് പ്രധാന ഘടകം.

ജ്വരം, ഹൃദ്‌രോഗം, ശ്വാസ-കാസ രോഗങ്ങൾ (ചുമയും മറ്റും) എന്നിവയ്ക്ക് ഇവ ഉത്തമ ഔഷധമാണ്. അതുപോലെ തേൾ വിഷം പോലുള്ള ചില വിഷങ്ങൾക്ക് പ്രതിവിഷം എന്ന രീതിയിലും ഇത് ഉപയോഗിക്കുന്നു. വാതത്തെ നശിപ്പിക്കുന്നതും മൂത്രം വർദ്ധിപ്പിക്കുന്നതുമായ ഇത് പലതരം ത്വക്ക് രോഗങ്ങൾക്കും ഉള്ള മരുന്നാണ്. ഇലയും പൂവും ചിലപ്പോൾ സമൂലമായും ആയുർ‌വേദത്തിൽ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, മലേറിയ, വയറുകടി തുടങ്ങി സ്മാൾ പോക്സ്, ചിക്കൻ പോക്സ് എന്നിവയ്ക്കുവരെ തുളസി ഔഷധമായി ഉപയോഗിക്കുന്നു.

കുടങ്ങൽ






നമ്മുടെ നാട്ടിൻ‌പുറങ്ങളിൽ സാധാരണയയി കാണപ്പെടുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഈർപ്പവും തണലും ഉള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. എപിയേസി കുടുംബത്തിൽ‌പ്പെട്ട ഇതിന്റെ ശാസ്ത്രനാമം സെന്റല്ലാ ഏഷ്യാറ്റിക്ക എന്നാണ്. ഇംഗ്ലീഷിൽ ഇന്ത്യൻ പെനിവർട്ട് എന്നും സംസ്കൃതത്തിൽ മണ്ഡൂകപർണ്ണികാ എന്നും അറിയപ്പെടുന്നു. ഇത് നിലത്ത് പടർന്നുവളരുന്ന ഒരു ഓഷധിയാണ്. അമിനോ ആസിഡുകൾ, ഗ്ലൈസിൻ, ഗ്ലൂട്ടാമിക്ക് ആസിഡ് തുടങ്ങി ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ആയൂർവ്വേദത്തിൽ രസായന ഔഷധമായി ഉപയോഗിക്കുന്നു. തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്താനുള്ള കഴിവ് ഇതിനുണ്ട്. ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ സങ്കോച-വികാ‍സ ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അപസ്മാര ചികിത്സയിലും ചർമ്മ രോഗങ്ങൾക്കും ഹൃദ്‌രോഗം പ്രമേഹം തുടങ്ങിയ അസുഖങ്ങൾക്കും ഈ ഔഷധം ഉപയോഗിച്ച് വരുന്നു.

കടലാടി



അമരാന്തേസി കുടുംബത്തിൽ‌പ്പെട്ട ഇതിന്റെ ശാസ്ത്രനാമം അക്കിരാന്തെസ് ആസ്പര എന്നാണ്. എന്നാൽ ഇതേ കുടുംബത്തിൽ‌പ്പെട്ട സയാതുലാ പ്രോസ്ട്രേറ്റ എന്ന സസ്യം ചെറുകടലാടി എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ പ്രിക്ക്‌‌‌‌ലി ചാഫ് ഫ്ലവർ എന്നും സംസ്കൃതത്തിൽ ശിഖരി എന്നും അറിയപ്പെടുന്ന ഇത് വരണ്ട ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു. വേര്, ഫലം, എന്നിവയും ചിലപ്പോൾ
സമൂലമായിത്തന്നെയും  ഔഷധമായി ഉപയോഗിക്കുന്നു. അതിസാ‍രം, നീർവീക്കം, ചെവിവേദന, വയറുവേദന എന്നിവയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു. ചില പ്രദേശങ്ങളിൽ പാമ്പുകടി ഏറ്റാൽ കടലാടിയുടെ പൂങ്കുലയും അരിയും കൂടി അരച്ച് പുറമേ പുരട്ടാൻ ഉപയോഗിക്കുന്നു. വിഷത്തിന്റെ വീര്യം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ആനച്ചുവടി





പേരു സൂചിപ്പിക്കും പോലെ ആനയുടെ പാദം ഭൂമിയിൽ പതിഞ്ഞപോലെ തോന്നുന്ന വിധത്തിൽ വളരുന്ന ചെടിയാണിത്. പശുവിന്റെ നാക്കുപോലുള്ള ഇലകളാണ് ഗോ ജിഹ്വാ എന്ന സംസ്കൃത നാമം ഇതിനു ലഭിക്കാൻ കാരണം. ആസ്റ്ററേസി കുടുംബത്തിൽ‌പ്പെട്ട ഇതിന്റെ ശാസ്ത്ര നാമം എലഫന്റോപസ് സ്കാബർ എന്നാണ്. ഇംഗ്ലീഷിൽ പ്രിക്ക് ലി ലീവ്ഡ് എലഫന്റ് ഫൂട്ട് എന്നാണ്. നമ്മുടെ നാട്ടിൽ സാധാരണയായി കണപ്പെടുന്ന ഇത് നിലം പറ്റി വളരുന്ന ഒരു ഓഷധിയാണ്. അയൺ, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ശരീര താപം നിയന്ത്രിക്കാനും ചുമ. ഹൃദ്‌രോഗം എന്നിവയ്ക്കും ഉത്തമമാണ്. മലബന്ധമുണ്ടാക്കാൻ കഴിവുള്ള ഈ സസ്യം വിഷഹാരിയായും ഉപയോഗിക്കുന്നു. താളിയായി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും.

ചെറൂള (ബലിപ്പൂവ്)


പേരു സൂചിപ്പിക്കും പോലെ ഹിന്ദുമതത്തിൽ മരണാനന്തര ചടങ്ങുകൾക്ക് ഇത് ഉപയോഗിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കാ‍ണപ്പെടുന്ന ഇത് അരമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഓഷധിയാണ്. അമരാന്തേസി കുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്ര നാമം ഏർവ ലനേറ്റ എന്നാണ്. മൂത്രാശയക്കല്ലിനെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. മറ്റു മരുന്നുകളോടൊപ്പം ചേർത്ത് പ്രമേഹത്തിനെതിരെയും ഉപയോഗിക്കുന്നു. സ്ത്രീകൾക്ക് ഗർഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കാൻ കഴിവുള്ള ഇത് ഒരു കൃമി നാശകം കൂടിയാണ്.

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)