Wednesday 17 July 2013

അയിത്തം സവർണ്ണ മനസ്സിനോ ദൈവത്തിനോ..?????

അയിത്തം സവർണ്ണ മനസ്സിനോ ദൈവത്തിനോ..?????

സാംസ്ക്കാരിക കേരളത്തിനാകെ അപമാനകരമായ ഒരു വാർത്തയാണ് വടക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ അയിത്തവും ജാതി വിവേചനവും നിലനിൽക്കുന്നതായുള്ള മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷണം.അയിത്തം നിയമം മൂലം നിരോധിച്ച് അര നൂറ്റാണ്ടിന് ശേഷമാണ് ഈ അഭിപ്രായം എന്നത് നമ്മുടെ നാണക്കേട് വർധിപ്പിക്കുന്നു.ഇതിന് എതിരെ സർക്കരും മലബാർ ദേവസ്വം ബോർഡും നടപടി എടുക്കണമെന്ന് കമ്മീഷൻ അംഗം ശ്രീ.ഇ.കെ ഗംഗാധരൻ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം,കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തരോട് ജാതിവിവേചനം കാണിക്കുന്നതായി മാങ്ങാട് സ്വദേശി ചന്ദ്രൻ നൽകിയ പരാതിയിലാണ് ഈ അഭിപ്രായം.രാജരാജേശ്വരി ക്ഷേത്രത്തിൽ പുഷ്പാഞലി പ്രസാദം ബ്രാമണർക്ക് കൈയ്യിൽ വച്ചു കൊടുക്കുമ്പോൾ മറ്റുള്ളവർക്ക് തറയിൽ വച്ചു കൊടുക്കുന്നതായാണ് പ്രധാന പരാതി.സോപാനപ്പടിയിൽ പ്രാർഥിക്കാൻ ബ്രാമണരെ മാത്രമേ അനുവദിക്കാറുള്ളൂ.കളഭാഭിഷേക സമയത്ത് ബ്രാമണരല്ലാത്തവരെ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നുമില്ല.

ഇതിനെക്കുറിച്ച് കമ്മീഷന് ദേവസ്വം കമ്മീഷണർ നൽകിയ വിശദീകരണം അപഹാസ്യമാണ്.ഈ റിപ്പോർട്ടിൽ രാജരാജേശ്വരീ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.ബ്രാമണർക്ക് ഇവിടങ്ങളിൽ ലഭിക്കുന്ന പ്രത്യേക അവകാശങ്ങളെ ഈ റിപ്പോർട്ടിൽ ന്യായീകരിക്കുന്നു.നിലവിലുള്ള ആചാര അനുഷ്ടാനങ്ങളിൽ മാറ്റം വരുത്തുന്നത് ദൈവഹിതം അറിഞ്ഞും തന്ത്രിമാരുടെ നിർദേശപ്രകാരവും ആയിരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രസാദം നൽകുമ്പോൽ അബ്രാമണരുടെ ശരീരത്തിൽ സ്പർശിച്ചാൽ അശുദ്ധി വരുമെന്ന അദ്ദേഹത്തിന്റെ ന്യായം വളരെ വളരെ അപഹാസ്യമാണ്.പിന്നെ ഈ അശുദ്ദ്ധി മാറാൻ പുണ്യാഹം വേണമത്രേ.ഈ നൂറ്റാണ്ടിലും ഇത്തരം വാദങ്ങൾ ബാലിശമാണെന്ന് പറയാതെ വയ്യ.

അബ്രാമണരോട് ഇതുപോലെ ചില കാര്യങ്ങളിൽ മാത്രമേ ഇവർക്ക് അയിത്തമുള്ളൂ.അവരെ തൊട്ടാൽ അയിത്തം,അവർ തൊട്ട ദക്ഷിണയ്ക്ക് അയിത്തമില്ല.അതു പണമല്ലേ…. നാലമ്പലത്തിനുള്ളിൽ കയറാൻ പാടില്ല.അവർ നൽകുന്ന പണം കമ്മറ്റിക്കാർക്ക് വേണം.ഇത്തരക്കരുടെ പണം സ്വീകരിക്കാമോ എന്നറിയാൻ ഇവരെന്തേ തന്ത്രിമാരുടെ വിദഗ്ധ ആഭിപ്രായവും,ദൈവഹിതമറിയാൻ ദേവപ്രശ്നവും നടത്താത്തത്….,അബ്രാമണരോട് അയിത്തം കാണിക്കുന്ന ഇവർ ഇത്തരക്കാരുടെ പണം നമുക്ക് വേണ്ട എന്നു പറയാനുള്ള ആർജ്ജവം കാണിക്കണം.അല്ലാതെ ഇത്തരം മുട്ടാപ്പോക്കുകൾ പറയുകയല്ല.

വീണ്ടും ചില സംശയങ്ങൾ കൂടി തോന്നുന്നു.ഈ ക്ഷേത്രങ്ങളിൽ വരുന്നവരുടെ ജാതി സർട്ടിഫിക്കറ്റ് പരിശോധിക്കുമോ,അതോ അബ്രാമണരെ തിരിച്ചറിയാനുള്ള ദിവ്യശക്തി ഇവിടുത്തെ ജീവനക്കാ‍ർക്കുണ്ടോ??? യേശുദാസിന് ഗുരുവായൂരിൽ പ്രവേശനമില്ല,എന്നാ‍ൽ അദ്ദേഹത്തിന്റെ പാട്ടുകളവിടെ എല്ലയ്പ്പോഴും കേൾക്കുന്നു.ഇത്തരം സാമൂഹിക അസമത്വങ്ങൾക്കെതിരെ നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…………

1 comment:

ajith said...

അയിത്തം മനസ്സുകളിലുണ്ട്.